ഇരിമ്പൻ കുടുംബം

വൃക്ഷത്തിന്റെ വേരുകൾ എങ്ങോട്ടെല്ലാം പോയിരിക്കുന്നു, പടർന്നിരിക്കുന്നു എന്ന് മനസിലാക്കുവാൻ സൂഷ്മമായ ഗവേഷണ തപസ്യ തന്നെ വേണം. നാം കാണുന്ന വൃക്ഷത്തിന് അനേകായിരം ഇലകൾ, ഇടതൂർന്നു നിൽക്കുന്ന ശിഖരങ്ങൾ, പൂവുകൾ, കായ്കകൾ- പക്ഷെ വേരുകൾ നമുക്ക് കാണുവാൻ കഴിയുന്നില്ല. ആ വേരുകൾ അന്വേഷിക്കുന്നതിന് സമാനമാണ് കുടുംബ ചരിത്രം ഉരുത്തിരിച്ചെടുക്കുക. കൈവെള്ളയിലെ ഭാഗ്യരേഖകൾ

Tree and roots free icon

പോലെയാണ് കുടുംബകഥയുടെ വേരുകൾ എന്ന് പറയാം. ഓരോന്നും വേർതിരിച്ചു മനസിലാക്കിയിട്ടു വേണം മഹാവൃക്ഷമാകുന്ന കുടുംബചിത്രം ജനസമക്ഷം സമർപ്പിക്കുവാൻ. അത്രയും പ്രെയാസ പൂർണമായ കാര്യമാണ് ഇവിടെ തോമസ് ഇരിമ്പൻ പൂർത്തിയാക്കിയിരിക്കുന്നത്, പൂവത്തുശ്ശേരി ഇരിമ്പൻ കുടുംബ ചരിത്രം പൊതുജന സമക്ഷം സമർപ്പിച്ചുകൊണ്ട്.

ലോകം മുഴുവനും ഏക കുടുംബമായി സങ്കല്പിക്കുന്നവരുണ്ട്. “വസുധൈവ കുടുംബകം” എന്ന ചൊല്ലു എത്രയോ പൗരാണികമാണ്. നമ്മുടെ ദേവഗ്രന്ഥമായ ബൈബിൾ പഴയനിയമം എടുത്ത്  പരിശോധിച്ചാലും വി.മത്തായിയുടെ സുവിശേഷം പരിശോധിച്ചാലും ഒരു കാര്യം വ്യക്തമാണ്- കുടുംബങ്ങളുടെ ചരിത്രത്തിനു വലിയ പ്രാധാന്യം നൽകി കാണുന്നു. പന്ത്രണ്ടു ഗോത്രങ്ങളുടെയും കഥ പഴയ നിയമം അനാവരണം ചെയുന്നുണ്ട്. വംശാവലിയുടെ ചിത്രീകരണത്തുലുടെയാണ് വി. മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് തന്നെ . നാം ചവിട്ടി നിൽക്കുന്ന മണ്ണിന്റെ കഥ അറിയാതെ പോകുന്നത് മണ്ണിൽ ജീവിക്കുന്ന മനുഷ്യർക്ക് ചേർന്നതല്ല. പ്രപഞ്ചമെന്ന സമസ്യ നമുക്ക് പൂർണമായി മനസിലാക്കുവാൻ സാധിച്ചെന്നു വരില്ല. പക്ഷെ നാളെ അത് ഗ്രഹിക്കാൻ കഴിഞ്ഞേക്കും. കടന്നുപോകുന്ന തലമുറകളുടെ കഥ ആരെങ്കിലും രേഖപെടുത്തിവച്ചാലേ വരും തലമുകൾക്കു ജീവിതമാകുന്ന തീർത്ഥ യാത്രയിൽ അല്പമെങ്കിലും വെളിച്ചം ലഭിക്കുകയുള്ളു. ആധ്യാത്മീക രംഗത്തും സാമൂഹിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ഇരിമ്പൻ കുടുംബത്തിന്റെ കഥ അനുവാചകർക്ക് , പ്രത്യേകിച്ചു കുടുംബത്തിന്റെ വരും തലമുറയ്ക്ക് അഭിമാനിക്കാൻ വക നല്കാതിരിക്കില്ല. ഒറ്റകെട്ടായി നിന്ന പൂർവ കുടുംബങ്ങളുടെ സ്ഥാനത്തു അണുകുടുംബങ്ങൾക്കു പ്രാധാന്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവായ്‌പും ഐക്യവും സചേതനവും സമൃദ്ധമാക്കാൻ ഈ കുടുംബകഥ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം . തിരുസഭയുടെ അവിഭാജ്യവും സചേതനവുമായ ഘടകം കുടുംബം എന്ന ചെറിയ യൂണിറ്റാകയാൽ അതിന്റെ കെട്ടുറപ്പിനും ഉന്നമനത്തിനും വേണ്ടി നടത്തപെടുന്ന ഏതു പരിശ്രമവും സഭാസൗധം പടുത്തുയർത്തുവാൻ സഹായകമാകും. കുടുംബ ബന്ധങ്ങൾ കനക നൂലിൽ കൊരുത്ത രത്‌നങ്ങൾ പോലെ അനവദ്യ സുന്ദരമായി പകരാതിരിക്കില്ല. പൂർവികരുടെ കാല്നഖേന്തുമരീചികളിൽ നിന്ന് പ്രചോദമുൾക്കൊള്ളാൻ സഹായകമാകും ഇത്തരം കുടുംബഗ്രന്ഥങ്ങൾ എന്ന് തീർച്ച.

ക്രിസ്തു സാക്ഷ്യവുമായി കേരളത്തിലെത്തി സുവിശേഷത്തിന്റെ സുവർണ രശ്മികൾ പകർന്നു നൽകിയ സെൻറ് തോമസ് കൊളുത്തി വച്ച വിശ്വാസ ദീപം ഇന്നും കെടാതെ നിൽക്കുകയാണ് കേരളത്തിൽ. ആദിമ ക്രൈസ്തവ കുടുംബങ്ങളുടെ ഈറ്റില്ലമായ ആലങ്ങാട്ടു നിന്ന് പൂവത്തുശ്ശേരിയിലേക്കുള്ള ഇരിമ്പൻ കുടുംബത്തിന്റെ തീർത്ഥാടനത്തിൽ ആ വിശ്വാസ ദീപം തെളിഞ്ഞു മിന്നുന്നു എന്ന് കാണുക എത്രയോ സന്തോഷകരമാണ്!

മാർ ജോസഫ് ഇരിമ്പൻ പോലെയുള്ള നിസ്വാർത്ഥ സേവനത്തിന്റെ പ്രീതിരൂപങ്ങൾ, ആ കുടുംബചരിത്രത്തിൽ കെടാവിളക്കുകളായി ഇന്നും തെളിഞ്ഞു നിൽക്കുന്നുണ്ട്. ഏഴു വ്യാകുലങ്ങളിൽ ഒന്നായ ബ. ഇരിമ്പൻ ഗീവര്ഗീസച്ചൻ മുതൽ ഇന്ന് ജീവിച്ചിരിക്കുന്ന തേജസ്‌വികളായ വൈദീകർ സിസ്റ്റേഴ്സ്, അൽമായ പ്രമുഖർ, പുതുതലമുറയിലെ കുട്ടികൾ വരെ എല്ലാവരെയും ഈ കുടുംബ ചരിത്രത്തിൽ അനുസ്മരിക്കുന്നു.